ചില കലാചിന്തകൾ

വിശ്വബന്ധുത്ത്വം സമ്പാദിക്കാനുള്ള ഏറ്റവും ശക്തമായ ഉപാധിയായി കലയെ ടോൾസ്റ്റോയി വിലയിരുത്തുന്നു. പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിൽ ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക , രാഷ്ട്രീയ തലങ്ങളിൽ കലയുടെ ശക്തി തെളിയിക്കപ്പെട്ടതുമാണ്.  ആധുനിക ലോകത്തെ കലാകാരനാകട്ടെ ഒരു പ്രത്യേക തരത്തിലുള്ള മനുഷ്യനായി സ്വയം പ്രഖ്യാപിക്കുന്നു. ഈ തരംതിരിവ് ഏറ്റവും പ്രകടമാവുന്നതാവട്ടെ ക്ലാസ്സിക്കൽ നൃത്തത്തിലും. ക്ലാസ്സിക്കൽ എന്ന് പദം തന്നെ ചർച്ച ചെയ്യപ്പെടേണ്ടത്തുണ്ട് .  ഇനി മലയാളത്തിലേക്ക് എത്തിയാലോ? വൈകാരിക തലങ്ങളിലൂടെ സഞ്ചരിച്ച് മനുഷ്യർക്ക് സൗന്ദര്യാനുഭൂതി പകരുന്നവർ സമൂഹത്തിനും , സംസ്കാരത്തിനും, രാഷ്ട്രീയത്തിനും അതീതരായി ദൈവതുല്യരായി (ചിലപ്പോൾ അതിനുമപ്പുറം ) വാഴ്ത്തപ്പെടുന്നു. ഒരു കലാകാരൻ ഒരു പ്രത്യേകതരം മനുഷ്യനല്ല, മറിച്ച് ഓരോ മനുഷ്യനും ഒരു പ്രത്യേകതരം കലാകാരനാണ് എന്നത് പലപ്പോഴും വിസ്മരിക്കപ്പെടുന്നു. സാമൂഹികവും രൂപപരവുമായ അടിത്തറ നിർമ്മിച്ചെടുക്കാനുള്ള പല ബിംബങ്ങളേയും ഇന്ത്യൻ ക്ലാസിക്കൽ നൃത്ത രംഗം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.'Dancing Girl' എന്ന് പറയുന്ന ഹാരപ്പൻ ശില്പത്തെ മുൻ നിർത്തി, അതിൽ കാണുന്ന ത്രിഭംഗമാണ് ഇന്ത്യൻ ക്ലാസ്സിക്കൽ പെർഫോർമൻസിന്റെ അടിസ്ഥനമെന്ന് പറഞ്ഞ് ഒരു 4000 കൊല്ലത്തെ നൈരന്തര്യം നാം നൃത്തരംഗത്ത് നിർമ്മിച്ചെടുക്കുന്നു.(ഇളയിടം, 2019) പിന്നീട്  ഈ ബിംബവൽക്കരണത്തിൽ നിന്നും മാറി വ്യക്തിബിംബങ്ങൾ രൂപപ്പെട്ടു.

കലക്കപ്പുറം വ്യക്തിയാരാധനയും ബിംബവൽക്കരണവുമാണ് ആധുനിക കലാപരിസരത്തിന്റെ മുഖമുദ്ര. ഈ പ്രവണതയാവട്ടെ ഒരു കലാരൂപത്തിന് അച്ഛനേയും അമ്മയേയും ഉണ്ടാക്കുന്നിടം വരെ എത്തിനിൽകുന്നു. തദ്വാരാ മക്കൾ രാഷ്ട്രീയം പോലെയോ ഒക്കെ  ശിഷ്യർ രാഷ്ട്രീയം, സ്ഥാപന രാഷ്ട്രീയം എന്ന ദുർദശ സംജാതമാവുന്നു. ഉള്ളതിനപ്പുറം 'പറഞ്ഞുണ്ടാക്കുന്ന ' ചിലതായി ആധുനിക ക്ലാസിക്കൽ നൃത്തരംഗം മാറിയിരിക്കുന്നു.  ഗവേഷണ കേന്ദ്രങ്ങളാവുന്ന സ്ഥാപനങ്ങളാവട്ടെ പാരമ്പര്യത്തിന്റേയും വ്യക്തികളുടേയും വക്താക്കളാവുന്നു.

ചരിത്രത്തിലേയും വർത്തമാനത്തിലേയും മുത്തുകളെ കൊർത്തിണക്കുന്ന ഉറപ്പുള്ള ഒരു നൂലിഴയായിട്ടാണ് പാരമ്പര്യത്തെ കാണേണ്ടത്. ആ നൂലിൽ കെട്ടിയുണ്ടാക്കിയ മാല്യമാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കാലാനുസൃതമായി പുതിയ മുത്തുകളെ ഉൾചേർത്ത് അവതരിപ്പിക്കപ്പെടുമ്പോഴാണ് നൂലിഴയുടെ ശക്തി വെളിവാകുന്നത്. നുലല്ല മാല  ... പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവർ "പാരമ്പര്യമല്ല കല" എന്ന വസ്തുത തിരിച്ചറിഞ്ഞേ മതിയാവൂ. പൗരാണികതയും സമകാലികതയും നിരന്തരം സമ്മേളിച്ചും കലഹിച്ചും കാണുന്ന നൃത്ത മേഖലയിൽ പാരമ്പര്യം പ്രസക്തമല്ല എന്ന തരത്തിൽ എടുക്കരുത്. മറിച്ച് പാരമ്പര്യത്തെ കൃത്യമായി അറിഞ്ഞാലേ മുൻപ് സൂചിപ്പിച്ച കൊടുക്കൽ വാങ്ങൽ പൂർണ്ണമാവുകയുള്ളൂ. ഓരോ കലയും സത്താപരമായ അംശങ്ങളെ മുനിർത്തിയാണ് രൂപപ്പെട്ടുവരുന്നത്. ആ അന്ത:സത്തയെ വിളിച്ചോതുന്നവയാണ് പാരമ്പര്യം. മറിച്ച് പറഞ്ഞുണ്ടാക്കുന്നതോ എഴുതി വക്കുന്നതോ അല്ല. ദേശ-കാല-ലിംഗ ഭേദങ്ങൾക്കതീതമാണ് കലയിലെ  പാരമ്പര്യം. അത് കൊണ്ടാണ് നർത്തകി നാടരാജനും ജാനകി രംഗരാജനും ആസ്വദിക്കപ്പെടുന്നത്.

വൈയക്തിക പ്രഭാവം കൊണ്ട് പേരെടുത്ത നർത്തകരെ മാറ്റി നിർത്തിയാൽ സ്വയം പ്രഖ്യാപിത ഗുരുക്കന്മാരും , പൊള്ളയായ പാരമ്പര്യ വാദവുമാണ് കേരളത്തിലെ നൃത്തമേഖലയെ ഇന്ന് നയിക്കുന്നത്. അക്കാധമിക തലത്തിലെത്തുമ്പോഴും , ഇത്തരം പ്രവണതകൾക്ക് മാറ്റം സംഭവിക്കുന്നില്ല.  സ്ഥാപനങ്ങളാവട്ടെ നർത്തകരേക്കാൾ 'ഡാൻസ് ടീച്ചർമാരെ' വാർത്തെടുക്കുന്നു. കലാപഠനം എന്ന മഹത്തായൊരാശയം വഴിമാറി കലാവ്യവസായം എന്ന അവസ്ഥ പ്രാപിക്കുന്നു എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.  Art for art's sake എന്ന ആശയം Art for artiste's sake എന്ന് മാറിയിരിക്കുന്നു.

മലയാളത്തിന്റെ മണ്ണിൽ സംസ്കാരിക സാമൂഹിക പശ്ചാത്തലത്തെ മുൻനിർത്തി ഗൗരവപൂർണമായ , കാമ്പുള്ള കലാപഠനങ്ങൾ നൃത്ത മേഖലയിൽ കാര്യമായി നടന്നിട്ടില്ല എന്ന് തന്നെ പറയാം . ഇത്തരത്തിൽ അവതരണകലകളിലെ വിശേഷാൽ നൃത്തത്തിലെ ചില വർത്തമാനങ്ങളാണ് ഇവിടെ കുറിക്കുന്നത്. സജീവ ചർച്ചകൾ ചോദ്യങ്ങൾക്കതീതരായി സമൂഹത്തിൽ നിന്നും മാറി നിൽക്കുന്ന കലാസമൂഹത്തെ, സമൂഹമില്ലെങ്കിൽ കലയില്ല എന്ന് തിരച്ചറിവിലേക്ക് നയിക്കും എന്ന പ്രത്യാശയോടെ ......


Comments

Popular posts from this blog

നാട്യശാസ്ത്രം അധ്യായം 6 (രസവികല്പം) ശ്ലോകം 10 : നാട്യ സംഗ്രഹം (NATYASASTRAM FOR DANCE STUDENTS (IN MALAYALAM WITH EXPLANATIONS))

നാട്യശാസ്ത്രം : ചില ചിന്തകൾ

സോപാനസംഗീതം എന്നൊന്നുണ്ടോ എന്ന് ഞാന്‍ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയോട് ചോദിച്ചു. ഇല്ല, അഭിനയസംഗീതം എന്ന് പറയുകയാണ്‌ വേണ്ടത് എന്ന് ഉത്തരവും ലഭിച്ചു By Shri. Sunil Kumar. - ഫെസ്ബൂക്കില്‍ നടന്ന ഒരു ചര്‍ച്ച