Thursday, 21 July 2011

മലയാളിക്ക് സംഭവിച്ചത്; മോഹിനിയാട്ടത്തിനും...

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഭാഷടിസ്ഥാനത്ത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടു. അങ്ങിനെ 1956 നവംബര്‍  ഒന്നാം തീയതി  കേരള സംസ്ഥാനവും രൂപീകൃതമായി. അങ്ങിനെ ഒരു പത്തന്‍പത്തഞ്ച്‌   കൊല്ലവും കഴിഞ്ഞു. കേരളം വിട്ടു മറുനാട്ടില്‍ ചേക്കേറിയ മലയാളികള്‍ ലോകത്തെമ്പാടും സമാജങ്ങള്‍ രൂപീകരിച്ചു. മലയാളീ സമാജങ്ങള്‍ ക്രമേണ കേരള അസോസിയേഷനുകള്‍ക്ക് വഴിമാറി. മലയാളം മെല്ലെ മെല്ലെ  അപ്രത്യക്ഷമായി തുടങ്ങി. കേരളത്തിനു പുറത്ത് ഇതാണ് സ്ഥിതിയെങ്കില്‍ കേരളത്തിനകത്ത്‌ ഇതിനെക്കാളും പരിതാപകരമായി. 
അറുപതുകളുടെ തുടക്കത്തിലാണ്‌ നമ്മുടെ വിദ്യാഭ്യാസ രംഗം കൂടുതല്‍ ശക്ത്തിപ്പെടുന്നത്. നിരവധി സ്കൂളുകളും മറ്റും സ്ഥാപിക്കപ്പെട്ടു. ക്രിസ്ത്യന്‍ മിഷനറികളുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടവയാണ്. എന്നാല്‍ നമ്മുടെ വീടുകളിലെ ഇന്നത്തെ സ്ഥിതിയെന്താണ്? കേരളത്തിലെ നഗരപ്രാന്തങ്ങളിലെ കുടുംബങ്ങളില്‍ ഇവിടെ ജനിച്ചു വളര്‍ന്നിട്ടു പോലും എത്രപേര്‍ക്ക് മലയാളം കൈകാര്യം ചെയ്യാന്‍ പറ്റുന്നുണ്ട്? എഴുതുന്ന കാര്യം പോകട്ടെ, നന്നായി ആംഗലേയം കേരിവരാതെ സംസാരിക്കാന്‍ എത്രപേര്‍ക്ക് കഴിയും? എന്താണ് മലയാളിക്ക് സംഭവിക്കുന്നത്? ഈ മനോഹരതീരത്തു ജനിച്ചുവളര്‍ന്നത്കൊണ്ടു മാത്രം നാം മലയാളി ആകുമോ? വീട്ടിലെങ്കിലും നാം നമ്മുടെ ഭാഷ സംസാരിക്കുന്നില്ലെങ്കില്‍, വലിയ താമസമില്ലാതെ മലയാളത്തിന്റെ ഗതി അധോഗതിയാവും ഫലം! കേരളത്തിനു പുറത്ത് മലയാളീ സമാജങ്ങള്‍ മലയാളം പ്രോത്സാഹിപ്പിക്കാനുള്ള  ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുന്ടെന്നു, സുഹൃത്തായ പയ്യന്നൂരിലെ പ്രേമന്‍ മാഷ്‌ പറഞ്ഞു. കേരളത്തിനു പുറത്തെ മലയാളി കുടുംബങ്ങളിലെ കുട്ടികളില്‍ ഭാഷാസ്നേഹം വളര്ത്തുവാനുള്ള മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ നല്ല പുസ്തകങ്ങളുടെ അഭാവം പ്രകടമായിരുന്നു. അത് പരിഹരിക്കാനായി രൂപം കൊടുത്ത  പുസ്തക കമ്മിറ്റിയിലെ അംഗമായിരുന്നു അദ്ദേഹവും. നല്ല പുസ്തകങ്ങളാണത്രെ!  കൂടുതല്‍ വിവരങ്ങള്‍ കിട്ടുമോന്നു നോക്കട്ടെ, പുസ്തകങ്ങള്‍ എവിടെക്കിട്ടുമെന്നും മറ്റും. കിട്ടുന്ന മുറയ്ക്ക് ബ്ലോഗിലിടാം.
എനിക്ക് തോന്നുന്നത് ഭാഷ പ്രോത്സാഹന കാര്യത്തില്‍ നാം മാതൃക ആക്കേണ്ടത് തമിഴ് ബ്രാഹ്മണ  സമൂഹത്ത്തെയാനെന്നാണ്. ലോകത്തിന്റെ ഏതു കോണിലായാലും വീട്ടില്‍ തമിഴ്മാത്രം സംസാരിക്കുന്ന കുടുംബങ്ങള്‍. കുടുംബസംഗമാങ്ങളിലെ ഭാഷ പ്രോത്സാഹനവും പരിഗണനയും അനുകരണീയമാണ്. മലയാളിയോട് സംസാരിക്കുമ്പോള്‍ മലയാളം ഹിന്ദി ക്കാരനോട് ഹിന്ദിയില്‍, നമ്മളും  ഈ വഴി സ്വീകരിച്ചാല്‍ എങ്ങിനെയുണ്ടാവും? മലയാളിയോടെങ്കിലും മലയാളത്തില്‍ മിണ്ടാം! മലയാളം മധുരം ... സംസാരിക്കുമ്പോള്‍ അതിമധുരം! മിണ്ടലും പറയലും എഴുതലും ആയാല്‍ ത്രിമധുരം...!

ഇനി എന്റെ വിഷയമായ മോഹിനിയട്ടത്തെക്കുറിച്ചുപറഞ്ഞാലോ...സ്വാതിയുടെ മണിപ്രവാള  മലയാളം അറിയാതെ പദങ്ങള്‍ക്കു ചുവടുവയ്ക്കുന്ന നിരവധിപ്പേരെ ഇവിടെക്കാണാനാവും.. കൊഞ്ചി കൊഞ്ചി മംഗ്ലീഷില്‍ മോഴിയുന്നവരെയും കാണാം... ഡിക്ഷ്ണറി തപ്പി ഇന്ഗ്ലിഷ്  അര്‍ത്ഥം കണ്ടെത്തി അതിനു പദാനുപദ  മുദ്ര കാട്ടി പ്രകടനം നടത്തുന്നവരെയും നിങ്ങള്ക്ക് കാണാനാവും. കവി കണ്ടതെന്തോ... കാണിക്കുന്നതെന്തോ! മോഹിനിയാട്ട ചര്‍ച്ചകളില്‍ ആംഗലേയമാണ് പ്രധാന ഭാഷ.. അടുത്തിടെ വിദ്വാന്‍ കാരൈക്കുടി മണി സാര്‍ പറയുന്നത് നെറ്റില്‍  കേട്ടു! നമ്മുടെ കലകളിലെ സാങ്കേതിക പദങ്ങള്‍ക്കു തത്തുല്യമായവ ആംഗലേയത്തില്‍ കണ്ടെത്തുക പ്രയാസമാണെന്ന്! കര്‍ണാടക സംഗീത രംഗത്തെ വിദുഷി വേദവല്ലി ടീച്ചറും ഇതേ അഭിപ്രായക്കാരിയാണ്!    സ്ത്രീകളുടെ നൃത്തമായത് കൊണ്ടാണോ എന്നറിയില്ല, ഇവിടെ കൂട്ടായ്മ എന്നൊന്നില്ല; തൊഴുത്തില്‍ കുത്ത് മാത്രം.. കഴിഞ്ഞ അറുപതോ എഴുപതോ വര്ഷം കൊണ്ട് മോഹിനിയാട്ടം ഇതര കലാരൂപങ്ങളായ ഭരതനാട്യത്തെയും കുച്ചുപുടിയെയും തട്ടിച്ചു നോക്കുമ്പോള്‍ വളര്‍ന്നോ തളര്‍ന്നോ എന്നും നമുക്ക് നിഷ്പക്ഷമായി പരിശോധിക്കാം..
............
നിങ്ങളുടെ കാഴ്ചപ്പാടുകളും ഈ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പങ്കുവൈക്കുമല്ലോ! വീണ്ടും കാണണം! അതുവരെ സ്നേഹ നമസ്കാരം! ...ദിവ്യ നെടുങ്ങാടി