തൊല്‍കാപ്പിയവും നാട്യശാസ്ത്രവും


വിവിധങ്ങളായ വിജ്ഞാനമേഖലകളെക്കുറിച്ച്  നാട്യശാസ്ത്രം പ്രതിപാദിക്കുന്നുണ്ട് എന്ന് സൂചിപ്പിച്ചുവല്ലോ. സ്വരങ്ങളെക്കുറിച്ചും വ്യഞ്ചനകളെക്കുറിച്ചും  ചന്ദസ്സ്, വൃത്തം തുടങ്ങിയ സാഹിത്യസംബന്ധിയായ വിഷയങ്ങളെക്കുറിച്ചും നാട്യശാസ്ത്രം വിസ്തരിച്ച് പറയുന്നു. 

നൃത്ത-ഗീത-സാഹിത്യാദികളിൽ താൽപര്യമുള്ളവർക്ക് കേട്ട് പരിചയമുള്ള പേരാവും തൊല്‍കാപ്പിയം. അറിയാത്തവർക്ക് വേണ്ടി ചെറിയൊരാമുഖം. 

തമിഴ് സാഹിത്യത്തിലെ ഏറ്റവും പഴക്കം ചെന്ന കൃതിയാണ് തൊല്‍കാപ്പിയം. നാട്യശാസ്ത്രം രണ്ടായി പിരിച്ചുപറഞ്ഞ പോലെ, തൊൽ+കാപ്പിയം ആണ് തൊല്‍കാപ്പിയം ആയത് എന്ന് പണ്ഡിതമതം. തൊൽ എന്നാൽ പഴയത് എന്നും കാപ്പിയം എന്നാൽ കാവ്യം എന്നുമാണത്രെ. അഗസ്ത്യമുനിയുടെ ശിഷ്യനായിരുന്ന തൊൽകാപ്പിയരാണ് ഇതെഴുതിയത് എന്ന് പറയപ്പെടുന്നു. മൂന്ന് അതികാരങ്ങളിലും (എഴുത്ത്, സോൽ, പൊരുൾ), ഒൻപത് വീതം അദ്ധ്യായങ്ങൾ. മൊത്തം 1612 സൂത്രങ്ങൾ. ഒരു തമിഴ് വ്യാകരണ ഗ്രന്ഥമായിട്ടാണ് തൊല്‍കാപ്പിയം അറിയപ്പെടുന്നത്. എന്നാൽ നാട്യത്തെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്നു. ഏതൊക്കെ ഘടകങ്ങളിലാണ് സാദൃശ്യം എന്ന് ഒരന്വേഷണത്തിനാണ് ശ്രമം. അറിവ് വളരേ പരിമിതം. ഈ വിഷയത്തിൽ കൂടുതൽ അറിവുള്ളവർ സഹായിക്കും എന്ന പ്രതീക്ഷയിൽ ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ കുറിക്കുന്നു. 

നാട്യോൽപ്പത്തിയിലേക്ക് കടക്കുന്നില്ല, എന്നാലും നാട്യശാസ്ത്രത്തിലെ താണ്ഡവം, ലാസ്യം എന്നീ സങ്കൽപ്പങ്ങൾ മാത്രം എടുക്കുന്നു. ശിവന്റെ പ്രദോഷസമയ നൃത്തത്തിൽ നിന്നും താണ്ഡവവും പാർവതിയുടെ സുകുമാര നൃത്തപ്രയോഗത്തിൽ നിന്നു ലാസ്യവും ഉണ്ടായി എന്ന ആശയത്തെയുമാണ് എടുക്കുന്നത്. സൂക്ഷ്മ തലത്തിലേക്ക് കടക്കുന്നില്ല ട്ടോ. അറിയില്ല അത് കൊണ്ടാണ്😉

ഇനി സംഘകാല സാഹിത്യത്തിലേക്ക് വരാം. അഹം (അകം) എന്നും പുറം എന്നും പ്രധാനമായി രണ്ടുതരം വിഭജനങ്ങൾ കാണാം. ഇതിൽ അഹം ശൃംഗാരാദി വിഷയങ്ങളെ പ്രതിപാദിക്കുമ്പോൾ പുറം യുദ്ധം, ഭരണം, തുടങ്ങിയ വിഷയങ്ങളെ ചർച്ചചെയ്യുന്നു.

തൊല്‍കാപ്പിയത്തിൽ അകത്തിനൈ എന്ന ഭാഗത്ത് നാല് പ്രദേശങ്ങളെ കുറിച്ച് പറയുന്നുണ്ട്. കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തൽ എന്നീ നാല് പ്രദേശങ്ങളും കൂടി ചേരുന്ന ഇടം പാലൈ. നാട്യശാസ്ത്രത്തിലെ പതിനാലാം അദ്ധ്യായത്തിൽ (പ്രവൃത്തീധർമ്മീ വ്യഞ്ജകം) അരങ്ങിനെ വിഭജിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

"नगरे वा वने वापि वर्षे वा पर्वते पि वा।
   यात्र वार्ता प्रवर्त त तत्र कक्षा प्रवर्तयेत् ॥
  बाह्य वा माध्यम वापी तथैवाभ्यन्त२ं पुन: I"
  

നഗരം - മരുതം, വനം - മുല്ലൈ, വർഷം - നെയ്തൽ, പർവ്വതം - കുറിഞ്ചി, മദ്ധ്യം - പാലൈ. 

ഇനി മറ്റൊന്ന് "നാടക വഴക്കിനും ഉലഹിയൽ വഴക്കിനും കളിയേ പരിപാടൽ"
ഇത് വളരെ ലളിതം. നമ്മുടെ ലോകധർമ്മിയും നാട്യധർമ്മിയും. ഉലഹിയൽ വഴക്ക് എന്ന് തൊൽക്കാപ്പിയ കാരൻ സൂചിപ്പിക്കുന്നത് ലോക ധർമ്മിയെ  ആണത്രേ . നാടക വഴക്ക് നാട്യധർമ്മി യും . 
രസത്തെ പറ്റിയുള്ള ചർച്ചയിലും നാട്യശാസ്ത്രത്തെ അതേപടി തൊൽകാപ്പിയം പിന്തുടരുന്നുണ്ടത്രേ. മെയ്പ്പാടൽ എന്നാണ് പറഞ്ഞിരിക്കുന്നത്. മെയ്യുടെ പാടൽ - song of the body എന്നും പറഞ്ഞ് കേട്ടു. നമ്മുടെ ഉള്ളിൽ നിന്നുമുള്ള പാട്ട്. സാത്വികം, സത്തിൽ നിന്ന് വരുന്നത്. 
ഇപ്രകാരം നാട്യശാസ്ത്രത്തിന്റെ ഒരു തമിഴ് പതിപ്പായി തൊൽകാപ്പിയത്തെ കാണാൻ സാധിക്കുമത്രെ. രസകരമായി തോന്നിയത് കൊണ്ട് അറിഞ്ഞ ചില കാര്യങ്ങൾ പങ്കുവച്ചു എന്ന് മാത്രം.

Comments

  1. നന്നായിട്ടുണ്ട് ദിവ്യ

    ReplyDelete

Post a Comment

Popular posts from this blog

നാട്യശാസ്ത്രം അധ്യായം 6 (രസവികല്പം) ശ്ലോകം 10 : നാട്യ സംഗ്രഹം (NATYASASTRAM FOR DANCE STUDENTS (IN MALAYALAM WITH EXPLANATIONS))

നാട്യശാസ്ത്രം : ചില ചിന്തകൾ

സോപാനസംഗീതം എന്നൊന്നുണ്ടോ എന്ന് ഞാന്‍ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയോട് ചോദിച്ചു. ഇല്ല, അഭിനയസംഗീതം എന്ന് പറയുകയാണ്‌ വേണ്ടത് എന്ന് ഉത്തരവും ലഭിച്ചു By Shri. Sunil Kumar. - ഫെസ്ബൂക്കില്‍ നടന്ന ഒരു ചര്‍ച്ച